മാലിന്യ സംസ്‌കരണത്തിന് നൂതന ആശയം ക്ഷണിച്ച് സ്വച്ഛ് ടെക്‌േനാളജി ചലഞ്ച്

ആസാദി @ 75 സ്വച്ഛ് സര്‍വെഷന്‍ 2022ന്റെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വച്ഛ് ടെക്‌നോളജി ചലഞ്ച് സംഘടിപ്പിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മേക്ക് ഇന്‍ ഇന്ത്യ കാഴ്ചപ്പാടുമായി യോജിപ്പിച്ച് ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലും പ്രാദേശികമായി നവീകരിച്ചതും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങളും ബിസിനസ് മോഡലുകളും സ്വീകരിക്കാന്‍ ഈ മത്സരത്തിലൂടെ പ്രോത്സാഹനം നല്‍കും.

സാമൂഹിക സുസ്ഥിരത, മാലിന്യരഹിതം, ഇ ഗവേണന്‍സിലൂടെ സുതാര്യത, പ്ലാസ്റ്റിക് മാലിന്യ പരിപാലനം എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് മത്സരം നടക്കുന്നത്. സംസ്ഥാന തലത്തിലുള്ള മികച്ച മൂന്ന് ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കും. 2.5, 1.5, ഒരു ലക്ഷം രൂപ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസായി ലഭിക്കും. രാജ്യത്തുടനീളമുള്ള ഓരോ ആശയ മേഖലകളിലെയും മികച്ച മൂന്ന് ആശയങ്ങളില്‍ ഓരോന്നിനും 25 ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും നല്‍കി ആദരിക്കും. ഫ്രഞ്ച് സര്‍ക്കരിന്റെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന സംരംഭമായ എ എഫ് ഡി തെരഞ്ഞെടുത്ത ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു വര്‍ഷത്തെ സാങ്കേതിക സഹായം നല്‍കും. ചലഞ്ചില്‍ പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാം. പൊതുവിഭാഗത്തില്‍ സംരംഭകര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വ്യക്തികള്‍ക്കും പരമാവധി മൂന്ന് പേരടങ്ങിയ ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം.

നഗരസഭ/ കോര്‍പ്പറേഷന്‍ തലത്തില്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന ജൂറിയായിരിക്കും വിധി നിര്‍ണയം നടത്തുക. ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനായി WWW.SWACHHBHARATURBAN.GOV.IN പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ ഫോറം പ്രയോജനപ്പെടുത്താവുന്നതാണ്. അവസാന തീയതി ജനുവരി 15.