മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്ക്​ തുടരും.

കൊച്ചി:മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്ക്​ തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്​ ശരിവെച്ചു.കേന്ദ്ര നടപടി നേരത്തെ സിംഗിള്‍ ബെഞ്ച്​ ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹർജികള്‍ ഡിവിഷന്‍ ബെഞ്ച്​ തള്ളി.

ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂനിയനും നല്‍കിയ അപ്പീല്‍ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്​.

ഫെബ്രുവരി എട്ടിനാണ് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണ്ണിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയത്. ലൈസന്‍സ് പുതുക്കാഞ്ഞതിനെ തുടര്‍ന്ന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് ചാനല്‍ ഉടമകളും ജീവനക്കാരും, പത്രപ്രവര്‍ത്തക യൂണിയനും അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ ഫെബ്രുവരി 10 ന് വാദം പൂര്‍ത്തികരിച്ചിരുന്നു.

എന്നാല്‍ കൃത്യമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അപ്പീലിന്മേലുള്ള മറുപടിയും മറ്റ് വിശദാംശങ്ങളും മുദ്രവച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറിയിരുന്നു.