മുണ്ടയാട് മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന് പുതിയ സ്ഥലം കണ്ടെത്തും: മന്ത്രി ജെ ചിഞ്ചുറാണി

മുണ്ടയാട് മേഖല കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന് പുതിയ സ്ഥലം കണ്ടെത്തുന്നതിനോടൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിട്ടു തരാമെന്നേറ്റ ഭൂമി റവന്യു വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി തിരിച്ചെടുക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മുണ്ടയാട് മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിര്‍മിച്ച പൗള്‍ട്രി ഷെഡുകളുടെയും തൊഴിലാളി വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനവും സിസി ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡിന്റെ ഇരുവശങ്ങളിലായി കിടക്കുന്ന മുണ്ടയാട് ഫാമിന് പുതിയ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിനായി 10 വര്‍ഷം മുന്‍പ് നല്‍കിയ സ്ഥലം വിട്ടുതരാമെന്ന് എഗ്രിമെന്റുണ്ടായിട്ടും ഇതു വരെയും ലഭിച്ചിട്ടില്ല. റവന്യു വകുപ്പുമായി ഇടപെട്ട് സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.

ഇറച്ചിക്കോഴിക്കും മുട്ടക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. പാല്‍ ഉല്‍പാദനത്തില്‍ മികച്ച മുന്നേറ്റം നടത്തിയതുപോലെ ഇറച്ചി, മുട്ട ഉല്‍പാദനത്തിലും നേട്ടമുണ്ടാക്കണം. കേരളത്തിനാവശ്യമായ ഇറച്ചി ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കണം. പുതുതായി ലഭിക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി ഇറച്ചിക്കോഴികളെ ഉല്‍പാദിപ്പിക്കണമെന്നും ഫാമില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

75 വര്‍ഷം പൂര്‍ത്തിയാക്കിയ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രതിദിനം മൂവായിരത്തോളം മുട്ടകളും പ്രതിമാസം അമ്പതിനായിരത്തോളം കോഴിക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിക്കുന്നുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനം പ്രതിമാസം രണ്ട് ലക്ഷം ആക്കുകയാണ് ലക്ഷ്യം. ഇതിനായി 68.2 ലക്ഷം രൂപ ചെലവില്‍ നാല് പുതിയ പൗള്‍ട്രി ഷെഡുകളാണ് നിര്‍മിച്ചത്. തൊഴിലാളികള്‍ക്കായി 9.5 ലക്ഷം രൂപ ചെലവില്‍ വിശ്രമകേന്ദ്രം, ഫാം മോണിറ്ററിംഗിനും ജൈവ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 9.7 ലക്ഷം രൂപ ചെലവിട്ട് സിസിടിവി, എഗ്ഗര്‍ നഴ്‌സറി ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ഫാം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി 16 ലക്ഷം രൂപ ചെലവില്‍ വിപണന കേന്ദ്രം എന്നിവയുമാണ് പുതുതായി നിര്‍മിച്ചത്.

കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷനായി. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിച്ചു. ജില്ലാതല പദ്ധതി ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. കോര്‍പറേഷന്‍ നികുതി- അപ്പീല്‍ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം പി ഗിരീഷ് ബാബു, മുണ്ടയാട് മേഖല കോഴി വളര്‍ത്തല്‍കേന്ദ്രം പൗള്‍ട്രി അസി ഡയറക്ടര്‍ ഡോ പി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.