മുന്‍മന്ത്രി വികെ ഇബ്രാംഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുന്‍മന്ത്രി വികെ ഇബ്രാംഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും വാദം തുടരും.

പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് കൊണ്ട് മാത്രം പ്രതി ചേര്‍ത്തതാണെന്നും കൈകൂലി വാങ്ങിയിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയായിരുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് അനുമതി നല്‍കിയതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുന്ന ഇബ്രാഹിംകുഞ്ഞിന്‍്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുവാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി.

ബോര്‍ഡ് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബോര്‍ഡില്‍ അംഗമായിരിക്കണം. ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കോടതി നാളെ വാദം കേള്‍ക്കും.