മുല്ലക്കൊടിയെ ടൂറിസം ഹബ്ബാക്കാൻ ഒരുങ്ങി മയ്യിൽ പഞ്ചായത്ത്

പുഴയോരത്തെ പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി മുല്ലക്കൊടിയെ ടൂറിസം ഹബ്ബാക്കാൻ ഒരുങ്ങി മയ്യിൽ ഗ്രാമപഞ്ചായത്ത്. ഇതിൻ്റെ ഭാഗമായി പ്രദേശം തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. മുല്ലക്കൊടിയിലേക്ക് അധികം വൈകാതെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
നണിച്ചേരി പാലത്തിന് സമീപം പുഴയോരത്ത് കുട്ടികളുടെ പാർക്ക് നിർമാണം പുരോഗമിക്കുകയാണ്.
ഇവിടെ സായാഹ്നം ചിലവഴിക്കാൻ നിരവധിപ്പേരാണ് എത്തുന്നത്. ബോട്ട് സർവീസിനുള്ള സൗകര്യവും പാർക്കിന് സമീപം ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം കാട് മൂടിക്കിടക്കുന്ന സമീപത്തെ പുറമ്പോക്ക് ഭൂമിയും ഉപയോഗപ്പെടുത്തി ബൃഹത് പദ്ധതിയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതി രേഖ സർക്കാരിന് മുന്നിൽ അനുമതിക്കായി ഉടൻ സമർപ്പിക്കും. പറശിനിക്കടവിനെയും മലപ്പട്ടത്തെയും ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടും അലോചനയിലുണ്ട്. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തുന്ന തീർഥാടകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും പ്രദേശത്തിൻ്റെ ടൂറിസം സാധ്യത വർധിപ്പിക്കുന്നു. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന, വൈസ് പ്രസഡണ്ട് എ ടി രാമചന്ദ്രൻ, വാർഡ് അംഗം എം അസൈനാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ അനിൽകുമാർ, ടി പി മനോഹരൻ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.