മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു
അര നൂറ്റാണ്ട് കാലം ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി
ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി നിര്യാതനായി. 84 വയസായിരുന്നു. ദില്ലിയിലെ ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ അഭിജിത് മുഖർജിയാണ് അദ്ദേഹത്തിന്‍റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പ്രണബ് മുഖർജിക്ക് ആദരമർപ്പിച്ചു.
ഭാര്യ സുവ്ര മുഖർജി (2015 സെപ്തംബർ 17 ന് അന്തരിച്ചു). അഭിജിത് മുഖർജി, ശർമ്മിഷ്ഠ മുഖർജി, ഇന്ദ്രജിത് മുഖർജി എന്നിവർ മക്കളാണ്.
സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കമദ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളിലെ മിറാതിയിൽ 1935 ഡിസംബർ 11 നായിരുന്നു ജനനം.കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഉന്നത ബിരുദങ്ങളുമായി പുറത്ത് എത്തിയ പ്രണബ് മുഖർജി യുഡി ക്ളർക്ക്, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങിയ റോളുകൾ പരീക്ഷിച്ചാണ് ഒടുവിൽ ജനസഞ്ചയത്തിലേക്കിറങ്ങിയത്.
രാജ്യസഭയിലെ കാൽനൂറ്റാണ്ടിനു ശേഷമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ 2004ൽ ലോക്സഭയിലെത്തിയത്. പ്രണബ് ഭരിക്കാത്ത മന്ത്രാലയങ്ങൾ കുറവ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം പ്രധാനവകുപ്പുകളിൽ തിളങ്ങിയ മുഖർജിയിൽ നിന്ന് 1984ലും 2004 ലും പ്രധാനമന്ത്രി പദം വഴുതി മാറി. ക്ഷമയോടെ പൊതുരംഗത്ത് യാത്ര തുടർന്ന പ്രണബ് മുഖർജിയെ തേടി ഒടുവിൽ ഒന്നാമനാകാനുള്ള ആ വലിയ അവസരം എത്തി. പ്രതിഭ പാട്ടീൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങൾ ഒഴിവാക്കി രാജ്യത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുമായി ബന്ധം സ്ഥാപിച്ച് പ്രണബ് മുഖർജി അഞ്ചു വർഷം പരമോന്നത പദത്തിൽ ഇരുന്നു. രാജ്യം അസഹിഷ്ണുതയിലേക്ക് പോകുമ്പോൾ തുല്യതയെക്കുറിച്ച് ഓർമ്മിപ്പിച്ചു. ദയാഹർജികളിൽ തീരുമാനം എടുക്കാൻ മടിച്ചില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ തർക്കങ്ങൾക്പോയില്ല. ഓർഡിനൻസുകൾ പരിധിവിട്ടപ്പോൾ മുന്നറിയിപ്പ് നല്കി. വിരുദ്ധനിലപാടുള്ളവരോട് ഒരിക്കലും മുഖം തിരിഞ്ഞു നിന്നില്ല. ബംഗാളിലെ സിപിഎം നേതാക്കളായ ജ്യോതിബസുവുമായും പിന്നീട് ബുദ്ധദേബ് ഭട്ടാചാര്യയുമായും നല്ല ബന്ധം കാത്തു. ആർഎസ്എസ് ആസ്ഥാനത്ത് പോകാൻ മടിച്ചില്ല, അപ്പോഴും പറയാനുള്ളത് പറഞ്ഞു.
വികെ കൃഷ്ണമേനോൻറെ ഇലക്ഷൻ ഏജന്റായി തുടക്കം. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി 1969 ൽ ആദ്യം രാജ്യസഭയിലേക്കും പിന്നീട് കേന്ദ്ര മന്ത്രിസഭയിലേക്കും എത്തി. 1969 മുതൽ അഞ്ച് തവണ രാജ്യസഭയിലും 2004 മുതൽ രണ്ട് തവണ ലോക്സഭയിലും അംഗമായി. 23 വർഷം കോൺഗ്രസിന്റെ പ്രവർത്തക സമിതിയിൽ അംഗമായിരുന്നു.1973-74 കാലത്ത് വ്യവസായ-ധനകാര്യ വകുപ്പ് സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയിലേക്കെത്തിയത്.