മെമു ഓട്ടം നിർത്തി; പകരം മംഗളൂരു-കണ്ണൂർ പാസഞ്ചർ

കണ്ണൂർ :ഉത്തരമലബാറുകാർക്ക് ആകെയുള്ള മെമു സർവീസ് നഷ്ടപ്പെടും. വ്യാഴാഴ്ച രാവിലെ കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്ക് അവസാന സർവീസ് നടത്തിയ മെമു റേക്ക് ഇനി ഓടില്ല. പാലക്കാട് മെമു ഷെഡിൽ എത്തിക്കും.

ചെന്നൈ ഡിവിഷനിൽനിന്ന് ആവശ്യം ശക്തമായതിനാൽ മെമു അവിടെ നൽകാനാണ് നീക്കം. യാത്രക്കാരുടെ ആവശ്യത്തെ തുടർന്നാണ് മെമു പരമ്പരാഗത കോച്ചുമായി പാസഞ്ചർ വണ്ടിയായി ഓടിക്കുന്നത്. എന്നാൽ മെമു സർവീസ് നിലനിർത്താൻ ആരും ഇടപെട്ടില്ല.

കണ്ണൂർ-മംഗളൂരു റൂട്ടിൽ ത്രീ ഫേസ് മെമു ഓടിത്തുടങ്ങിയത് 2022 ജനുവരി 26-നാണ്. 15 മാസത്തിനുശേഷമാണ് മെമു പിൻവലിക്കുന്നത്. സീറ്റിന്റെ കുറവ് മൂലം യാത്ര ദുരിതമായപ്പോഴാണ് യാത്രക്കാർ പാസഞ്ചർ മതി എന്നാവശ്യപ്പെട്ടത്. ജനപ്രതിനിധികളടക്കം ഇടപെട്ടാണ് മെമു, പാസഞ്ചറിലേക്ക് മാറ്റിയത്. എന്നാൽ സാധാരണ 14 കോച്ചുമായി ഓടിയിരുന്ന പാസഞ്ചറിന് ഇപ്പോൾ 10 കോച്ചു മാത്രമാണുള്ളത്.