മൊകേരിയിൽ വയോ ക്ലിനിക്കുകൾ ആരംഭിക്കുന്നു

പ്രായം തളർത്തുന്നവർക്ക് സഹായമായി വയോ ക്ലിനിക്കുകൾ ആരംഭിക്കാൻ മൊകേരി ഗ്രാമപഞ്ചായത്ത്. വാർധക്യ അവശതകളാൽ വീട്ടിൽ ഒതുങ്ങി കഴിയുന്നവരുടെ മാനസിക, ശാരീരിക പ്രശ്നങ്ങൾ പരിഹരിച്ച് മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള വയോജന സംരക്ഷണ പദ്ധതിക്കായി 2021-22 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി വള്ള്യായി, കൂരാറ, മാക്കൂൽ പീടിക എന്നിവിടങ്ങളിലെ വയോജന കേന്ദ്രങ്ങളിലാണ് വയോ ക്ലിനിക്കുകൾ ആരംഭിക്കുക. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് കമ്മ്യൂണിറ്റി കൗൺസിലറുടെ സേവനവും മാസത്തിൽ ആറ് തവണ ഡോക്ടർമാരുടെ സേവനവും ഇവിടെയുണ്ടാകും. ജീവിതശൈലി രോഗ നിർണയത്തിനായി മെഡിക്കൽ ക്യാമ്പുകൾ നടത്തും.
60 വയസ് കഴിഞ്ഞവരുടെ ശാരീരിക-മാനസികോല്ലാസം, ഗാർഹിക പീഡനം തടയൽ, യോഗ എന്നിവക്കും പ്രാധാന്യം നൽകും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ആശാ വർക്കർമാരും എൻ എസ് എസ് വളണ്ടിയർമാരും ചേർന്ന് വയോജനങ്ങളുടെ വിവര ശേഖരണം നടത്തുന്നുണ്ട്. പ്രായം, രോഗാവസ്ഥ, താൽപര്യമുള്ള മേഖലകൾ, പ്രശ്നങ്ങൾ തുടങ്ങിയ മനസിലാക്കാനാണ് വിവരശേഖരണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക. പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ പറഞ്ഞു.