മൊബൈൽകോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു
മൊബൈൽ ഫോൺ കമ്പനികൾ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. വോഡഫോൺ ഐഡിയ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നിരക്കുകൾ കൂട്ടിയേക്കും. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോൺ കമ്പനികൾ വീണ്ടും നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നത്.
വോഡഫോൺ ഐഡിയ ആയിരിക്കും ആദ്യം നിരക്കുകൾ വർദ്ധിപ്പിക്കുക. കോൾ,ഡാറ്റ നിരക്ക് 15 മുതൽ 20 ശതമാനം വരെ കൂട്ടാനാണ് വോഡഫോൺ ഐഡിയ ആലോചിക്കുന്നത്.
കഴിഞ്ഞവർഷം ഡിസംബറിലാണ് ഏറ്റവുമൊടുവിലായി മൊബൈൽ കമ്പനികൾ നിരക്കുകൾ വർദ്ധിപ്പിച്ചത്. ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിന്റെ കണക്കിൽ ഏറ്റവും പിന്നിൽ വോഡഫോൺ ഐഡിയ ആണ്.
എയർടെല്ലിന് 162 രൂപയും, ജിയോക്ക് 145 രൂപയും ലഭിക്കുമ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 119 രൂപ മാത്രമാണ് കിട്ടുന്നത്. ഇത് 200 രൂപയ്ക്ക് മുകളിൽ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിരക്കുകൾ കൂട്ടും എന്നുള്ള സൂചനകളെ തുടർന്ന് ടെലികോം കമ്പനികളുടെ ഓഹരി വിലയിലും മുന്നേറ്റമുണ്ടായി.