മോദി ഭരണത്തിൽ ക്രൈസ്‌തവ വേട്ട ; 68 പള്ളി തകർത്തു , 89 പാസ്റ്റർമാരും പുരോഹിതരും ആക്രമിക്കപ്പെട്ടു

ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം രാജ്യത്ത്‌ ക്രിസ്‌തുമത വിശ്വാസികളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്‌. യുപി, മധ്യപ്രദേശ്‌, കർണാടക, ഹരിയാന, ഒഡിഷ, ഛത്തീസ്‌ഗഢ്‌, ബിഹാർ, ജാർഖണ്ഡ്‌ എന്നിവിടങ്ങളിലാണ്‌ കൂടുതൽ ആക്രമണങ്ങൾ. പള്ളികൾക്ക് തീയിടൽ, ബലപ്രയോഗത്തിലൂടെ ക്രിസ്‌തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യുക എന്നിങ്ങനെ അതിക്രമം നീളുന്നു.

ദേശീയ ന്യൂനപക്ഷ കമീഷന്റെ കണക്കുപ്രകാരം പ്രതിവർഷം നൂറിലധികം ആക്രമണമാണ്‌ നടക്കുന്നത്‌. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറത്തിന്റെ കണക്കിൽ 2022ൽ 598 ആക്രമണമുണ്ടായി. 89 പാസ്റ്റർമാരും പുരോഹിതരും ആക്രമിക്കപ്പെട്ടു. 68 പള്ളി തകർത്തു.127 ആക്രമണത്തിൽ 82ഉം സംഘടിത കലാപങ്ങൾക്ക്‌ സമാനമായിരുന്നു.

ക്രിസ്‌‌മസിന്‌ മുന്നോടിയായി 2020ലും 2021ലുമായി 104 ആക്രമണമാണ്‌ നടന്നത്‌. ഛത്തീസ്‌ഗഢിലെ നാരൺപുരിൽ നൂറുകണക്കിനുപേർ ആയുധങ്ങളുമായി എത്തി പള്ളി ആക്രമിച്ചത് ഈ വര്‍ഷമാണ്. ബിജെപി ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ളവരാണ്‌ പ്രതികൾ.

ഇരകളെ വേട്ടയാടുന്നു
2021 ഒക്ടോബർ 10ന്‌ മൗ ജില്ലയിൽ പ്രാർഥന നടത്തുന്നതിനിടെ ഹിന്ദുവാഹിനി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആക്രമണം നടത്തി. പിന്നാലെ പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരെ മതപരിവർത്തനത്തിന്‌ പൊലീസ് കേസെടുത്തു.

2021 ഒക്ടോബർ 12ന്‌ യുപിയില്‍ രണ്ട്‌ കന്യാസ്ത്രീകളെ ആക്രമിച്ചു. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഒക്ടോബർ മൂന്നിന്‌ ഇരുനൂറോളം വരുന്ന അക്രമികൾ പള്ളിയിൽ പ്രാർഥനയ്‌ക്ക്‌ എത്തിയവരെ മർദിച്ചു.

പ്രാർഥിക്കേണ്ടെന്ന്‌ 
പൊലീസ്‌
സംഘപരിവാർ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ക്രിസ്ത്യാനികൾ പ്രാർഥനായോ​ഗങ്ങൾ ഒഴിവാക്കണമെന്നാണ് കര്‍ണാടക പൊലീസിന്റെ ഉപദേശം . 2021 നവംബർ 21ന്‌ ബെലഗവിയിൽ ക്രിസ്ത്യൻ സമുദായ അം​ഗങ്ങളോടായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

12ന്‌ മുംബൈയിൽ ക്രിസ്ത്യന്‍ 
സംഘടനകളുടെ പ്രതിഷേധറാലി
ക്രിസ്ത്യന്‍ സമുദായത്തിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന് വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ സമസ്ത് ക്രിസ്തി സമാജ്. മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ സമൂഹം വ്യാപകമായി ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രതിഷേധസൂചകമായി 12ന് മുംബൈയിൽ റാലി നടത്തുമെന്ന് സമാജ് വക്താവ് ഡോള്‍ഫി ഡിസൂസ അറിയിച്ചു. “ഞങ്ങള്‍ വളരെ സമാധാനപരമായ സമൂഹമാണ്. പക്ഷെ ഇപ്പോള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു’–- അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷ വിഭാ​ഗങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും നിയമവിരുദ്ധമായി തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍മിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.