മോന്‍സന്‍ മാവുങ്കല്‍ അതിഥികളെ താമസിപ്പിച്ചിരുന്ന മുറികളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച്
കൊച്ചി : അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ അതിഥികളെ താമസിപ്പിച്ചിരുന്ന മുറികളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.മൂന്നു ക്യാമറകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണസംഘം പിടിച്ചെടുത്തു. മോന്‍സന്റെ മ്യൂസിയം അടങ്ങുന്ന വീടിന് തൊട്ടടുത്തായിട്ടാണ് അതിഥിമന്ദിരം. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.
കട്ടിലിനോട് ചേര്‍ന്ന് ദൃശ്യങ്ങള്‍ ലഭിക്കുന്ന വിധത്തിലായിരുന്നു ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ക്യാമറ കണക്‌ട് ചെയ്തിരുന്ന ഹാര്‍ഡ് ഡിസ്‌കും സിഡിയും കണ്ടെടുത്ത്, പരിശോധനയ്ക്കായി സൈബര്‍ വിദഗ്ധര്‍ക്ക് കൈമാറി. ഫൊറന്‍സിക് വിദഗ്ധരും മോന്‍സന്‍രെ വീട്ടില്‍ പരിശോധന നടത്തി.
സ്വന്തം വീട്ടിലെ മസാജ് സെന്ററില്‍ ക്യാമറ സ്ഥാപിച്ചിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പല ആളുകളെയും ഒളികാമറയില്‍ കുടുക്കി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ മോന്‍സന്‍ പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് നിഗമനം. പല പ്രമുഖരുടേയും ദൃശ്യങ്ങള്‍ ഇത്തരത്തില്‍ മോന്‍സന്‍ ശേഖരിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു.