മോഹന്‍ലാല്‍ സംവിധായകനാകുന്ന ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി

മോഹന്‍ലാല്‍ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും മാറുകയായിരുന്നു.സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും.

ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍മാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറാന്‍ തീരുമാനിച്ചത്. കോവിഡ് സാഹചര്യങ്ങളാല്‍ ‘ബറോസിന്റെ’ ചിത്രീകരണം ഈ വര്‍ഷം മധ്യത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുൻപാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്.