യാത്രാ കൺസെഷൻ സംരക്ഷിക്കാൻ സമരരംഗത്തിറങ്ങും : കെ.എസ്.യു

മട്ടന്നൂർ : യാത്രാ കൺസെഷൻ വിദ്യാർത്ഥികളുടെ ഔദാര്യമല്ല അവകാശമാണ് അത് നിഷേധിക്കുന്ന ബസ്സ് ജീവനക്കാരുടെ ധിക്കാരത്തിനെതിരെ പ്രത്യക്ഷമായ പ്രതിഷേധവുമായി സമരരംഗത്തിറങ്ങുമെന്ന് കെ.എസ്.യു. ഇത്തരത്തിലുള്ള സമീപനങ്ങൾ പലതവണയായി ബസ്സ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ആവർത്തിക്കുന്നതിനാൽ ക്ലാസ്സ്‌ കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടിൽ എത്തുന്നതെന്ന് വിദ്യാർത്ഥികൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നിരന്തരമായി അധികാരികളോട് പരാതിപ്പെട്ടിരുന്നു. പക്ഷേ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെയും, കൺസെഷൻ നൽകി യാത്രചെയ്യുമ്പോൾ അപമര്യാദയായി പെരുമാറുന്നതും പതിവായിരിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾക്ക് മുന്നിൽ വിദ്യാർത്ഥികളുടെ യാത്രാവകാശ സംരക്ഷണത്തിനായി കെ.എസ്.യു സമരസജ്ജരാവുമെന്ന് ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പറഞ്ഞു.