യുവതി തൂങ്ങി മരിച്ചനിലയിൽ, സിഐയ്ക്കും ഭർതൃവീട്ടുകാർക്കുമെതിരെ ആത്മഹത്യ കുറിപ്പ്

കൊച്ചി:ആലുവ എടയപ്പുറത്ത് യുവതി തൂങ്ങിമരിച്ചനിലയിൽ.കക്കാട്ടിൽ വീട്ടിൽ മോഫിയ പർവീണാണ്(21) ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാർക്ക് എതിരെ ഇന്നലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആലുവ പോലീസ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. ആത്മഹത്യാകുറിപ്പിൽ സിഐയ്ക്കും ഭർത്താവിൻ്റെ കുടുംബത്തിനും എതിരെ ആരോപണം. ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ സിഐ മോശമായി ചീത്തവിളിച്ചു എന്ന പരാതി കത്തിൽ.

ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയതായി പൊലീസുകാര്‍ സൂചിപ്പിച്ചു.

എന്നാല്‍ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കി.

ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. എന്നാൽ, നിക്കാഹെങ്കിലും നടത്തിനൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് അത് നടത്തി. ഡിസംബറിൽ ആഘോഷമായി വിവാഹം നടത്താമെന്നായിരുന്നു തീരുമാനം.

നിക്കാഹിനു ശേഷം ഭർതൃവീട്ടുകാർ ഇടക്കിടെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. രണ്ട് മൂന്ന് ദിവസം താമസിപ്പിച്ചതിനു ശേഷം കുട്ടിയെ തിരിച്ചയക്കും. പിന്നീട്, ഭർത്താവ് മുഹ്‌സിൻ രാത്രി അശ്ലീല സിനിമകൾ കാണുന്നത് കുട്ടി മനസ്സിലാക്കി. സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസികവും ശാരീരികവുമായി കുട്ടിയെ ഇവർ ഉപദ്രവിക്കുമായിരുന്നു. ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴാണ് ഞങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 28ന് മുഹ്‌സിൻ ആലുവ പള്ളിയിൽ തലാഖ് നോട്ടീസ് നൽകി. അതിൽ ഞങ്ങൾ സഹകരിച്ചില്ല.

പിന്നീടാണ് പൊലീസിൽ പരാതിപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ സിഐ വളരെ മോശമായാണ് സംസാരിച്ചത്. വീട്ടിലെത്തി അല്പസമയം ഒറ്റക്കിരിക്കട്ടെ എന്നുപറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു. ഇടക്കിടെ വാതിലിൽ മുട്ടിയപ്പോൾ അവൾ മൂളുന്നുണ്ടായിരുന്നു. എന്നാൽ, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു

എന്നാല്‍ പൊലീസ് ഇതുനിഷേധിച്ചു. ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയ യുവതിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പൊലീസ് കേസെടുത്തു.