യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി നടൻ അക്ഷയ് കുമാർ.
പട്ന: ബിഹാർ സ്വദേശിയായ യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി നടൻ അക്ഷയ് കുമാർ.
റാഷിദ് സിദ്ദിഖി എന്ന യൂട്യൂബർക്കെതിരെയാണ് വക്കീൽ വഴി താരം നോട്ടിസ് നൽകിയത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദപ്രചരണം നടത്തിയെന്നാണ് ആരോപണം
റാഷിദിന്റെ വ്യാജ പ്രചരണങ്ങൾ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും ഇതുമൂലം ധനനഷ്ടവും മാനഹാനിയും സംഭവിച്ചുവെന്നും അക്ഷയ് നോട്ടിസിൽ പറയുന്നു.
മഹേന്ദ്രസിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘എംഎസ് ധോണി; ദ് അൺടോൾഡ് സ്റ്റോറി’യിലെ നായകവേഷം സുശാന്തിന് ലഭിച്ചതിൽ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം.
കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യകൂടികാഴ്ച നടത്താനും സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാർ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.