രണ്ടാം തരംഗത്തില്‍ പ്രധാന കോവിഡ് ലക്ഷണം ശ്വാസതടസം: ഐസിഎംആര്‍

രാജ്യത്തെ പിടിച്ചുകുലുക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ കേസുകളിലും കാണുന്ന പ്രധാന രോഗ ലക്ഷണം ശ്വാസതടസമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ തീവ്രലക്ഷണങ്ങള്‍ അധികമായി രോഗികളില്‍ കാണുന്നില്ല. എന്നാല്‍ രോഗികളില്‍ ശ്വാസതടസം കൂടുതലായി കണ്ടുവരുന്നുവെന്നും ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.

മഹാമാരിയുടെ തുടക്കത്തില്‍ വരണ്ട ചുമ, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ കൂടുതലായി കണ്ടുവന്നത്. എന്നാല്‍ ഇത്തവണ തീവ്രലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ശ്വാസതടസമാണ് രോഗികളില്‍ പൊതുവേ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കോവിഡ് തരംഗത്തിലും ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് 40 വയസിന് മുകളിലുള്ളവര്‍ക്കാണ്. മൊത്തം കോവിഡ് കേസുകളില്‍ ഇത് 70 ശതമാനം വരുമെന്നും ബല്‍റാം ഭാര്‍ഗ വ്യക്തമാക്കുന്നു.