രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാജ്യത്തെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് ആഗ്രഹമായിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈക്കം കേരളത്തിലാണെങ്കിലും തമിഴ്‌നാട്ടിലും വലിയ ആവേശമുണ്ടാക്കിയ സ്ഥലമാണ്. വൈക്കം സത്യാഗ്രഹം ഇന്ത്യയ്ക്ക് തന്നെ വഴികാട്ടിയ പോരാട്ടമാണ്. വൈക്കം സത്യാഗ്രഹം തമിഴ്‌നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ ആവേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം തമിഴ്‌നാട്-കേരള സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് ആഘോഷിക്കാമെന്ന് താന്‍ ആശയം പങ്കുവച്ചിരുന്നു. അവിടെവെച്ചുതന്നെ പിണറായി വിജയന്‍ തന്നെ ക്ഷണിച്ചു. ഉടല്‍ കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് നമ്മള്‍ ഒന്നാണെന്ന് അപ്പോഴെ അദ്ദേഹം തെളിയിച്ചു. പ്രിയപ്പെട്ട് സഹോദരന്‍ പിണറായി വിജയന്‍ ക്ഷണിച്ചപ്പോള്‍ ഒന്നും താന്‍ വരാതിരുന്നിട്ടില്ല- അദ്ദേഹം പറഞ്ഞു.

കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എംകെ സ്റ്റാലിനും പെരിയാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ സ്മരണകളുണര്‍ത്തി 603 ദിവസം നീളുന്ന ആഘോഷത്തിന് ഇതോടെ ഔദ്യോഗിക തുടക്കമായി.