രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി

പൂനെ: കൊവിഡ് വാക്‌സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്‌സിന്‍ കൊണ്ടുപോകുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യ ലോഡ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

പൂനെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ഇന്ന് മാത്രം എട്ട് വിമാനങ്ങളിലായി ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പടെ 13 കേന്ദ്രങ്ങളിലെത്തിക്കും. രാജ്യത്ത് ഈ മാസം പതിനാറിനാണ് കുത്തിവയ്പ്പ് ആരംഭിക്കുന്നത്.

കൊവിഷീല്‍ഡ് വാങ്ങാന്‍ പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം കരാറുണ്ടാക്കിയിരുന്നു

ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തിൽ 30 കോടി പേർക്ക് വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക.