രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാ​ഗന്ധി ആ‍ഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാല​ഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധീഖിയാണ് മുഖ്യ അതിഥി.

എഴുത്തുകാരൻ ടി. പത്മനാഭൻ വിശിഷ്ടാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്കാരങ്ങളും സഹകരണ മന്ത്രി വി.എൻ. വാസവൻ മാധ്യമ അവാർഡുകളും സമ്മാനിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ തുടങ്ങിയവർ പങ്കെടുക്കും.

അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിച്ചത്. മധുശ്രീ നാരായണൻ, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷൻ സം​ഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകൾ ആരംഭിക്കുന്നത്. മേളയിൽ സുവർണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും.