രാത്രികാല കർഫ്യൂ കർണാടക പിൻവലിച്ചു

ബെംഗളൂരു: രാത്രികാല കർഫ്യൂ കർണാടക പിൻവലിച്ചു. ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കർണാടക കർഫ്യൂ ഏർപ്പെടുത്തിയത്.

പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണത്തെ തുടർന്നാണിതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 24 മുതൽ രാത്രി 11 നും രാവിലെ അഞ്ചിനും ഇടയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നാണ് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ജനുവരി രണ്ടുവരെ കർഫ്യൂ തുടരാനും തീരുമാനിച്ചിരുന്നു. ബുധനാഴ്ചയാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷം രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചതായും പ്രസ്താവനയിൽ പറയുന്നു. കോവിഡ് പടരാതിരിക്കാൻ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ അഭ്യർത്ഥിച്ചു