രാത്രികാല നിയന്ത്രണം: സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് ചുമതല

കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം കൂടുതൽ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഉൾപ്പെടെ നടപ്പിലാക്കാനായി സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് ചുമതല നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. താലൂക്ക് തലത്തിൽ ജനുവരി രണ്ട് വരെ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്‌ട്രേറ്റ് ആയി നിയമിച്ചത്.

ഉദ്യോഗസ്ഥർ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് 2005ലെ സെക്ഷൻ 39 പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കും. വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക്ക് പാർക്കുകൾ എന്നിവിടങ്ങളിൽ മതിയായ പോലീസ് സഹായത്തോടെ സന്ദർശിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.