റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക

വാഷിംഗ്ടൺ:റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് ഇന്ധനവില ഉയരാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. തീരുമാനമെടുത്തത് സഖ്യരാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമെന്നും ബൈഡൻ വ്യക്തമാക്കി.

യുഎസ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഇന്ന് എണ്ണവില 2008 ന് ശേഷമുള്ള ഏറ്റവും കൂടിയ നിലയിലേക്ക് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സുപ്രധാന പ്രഖ്യാപനം പുറത്തെത്തുന്നത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഈ വര്‍ഷം എണ്ണവില 60 ശതമാനത്തിലധികം ഉയര്‍ന്നു. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ബാരലിന് 126 ഡോളറായി ഉയര്‍ന്നപ്പോള്‍ അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ബാരലിന് 130 ഡോളറിലേക്ക് എത്തുകയായിരുന്നു.