റിപ്പബ്ലിക് ദിന പരിപാടിയില്‍ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ദമ്പതിമാര്‍

റിപ്പബ്ലിക് ദിന പരിപാടി നേരിട്ട് പങ്കെടുക്കുന്നതിന് ഡല്‍ഹിയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് കെ കെ അജിത്തും ഭാര്യ രമ്യ രവിയും. ഇത്തവണ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് പോവാനുള്ള അവസരം ലഭിച്ചിരിക്കുന്നത് പണിയ വിഭാഗത്തില്‍പ്പെട്ട ഈ ദമ്പതിമാര്‍ക്കാണ്.

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നാദ്യമായാണ് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഇത്തരമൊരു സൗകര്യമൊരുക്കുന്നത്. ഐടിഡിപി ഓഫീസില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി ഇവര്‍ക്ക് യാത്രയയപ്പ് നല്‍കി.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ദമ്പതിമാരില്‍ നിന്നും ഐടിഡിപി വകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ അജിത്തും ഭാര്യയും ആദ്യം തന്നെ മുന്നോട്ട് വരികയായിരുന്നു. റിപ്പബ്ലിക് ദിന പരിപാടി നേരിട്ട് കാണുവാനും രാജ്യത്ത് നടക്കുന്ന ഏറ്റവും വിപുലമായ ആഘോഷത്തിന്റെ ഭാഗമാവാനും സാധിച്ചത് വലിയ ഭാഗ്യമാണെന്ന് അജിത്ത് പറയുന്നു.

ജനുവരി 20ന് ഇവര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും. രാഷ്ട്രപതിയോടൊത്ത് വിരുന്ന്, പ്രധാന മന്ത്രി പങ്കെടുക്കുന്ന പരിപാടി എന്നിവയിലും പങ്കെടുക്കുവാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിച്ച് ഫെബ്രുവരി രണ്ടിന് ഇവര്‍ നാട്ടിലേക്ക് യാത്ര തിരിക്കും.
യാത്രയയപ്പ് പരിപാടിയില്‍ പ്രൊജക്ട് ഓഫീസര്‍ വി ശശീന്ദ്രന്‍, അസി. പ്രൊജക്ട് ഓഫീസര്‍ വി മഹ്‌റൂഫ് എന്നിവര്‍ സംബന്ധിച്ചു.