റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു.
കോട്ടയം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു. ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം എന്നു വിശേഷിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് ഇത്തവണ അനുമതിക്കായി സമർപ്പിച്ചിരുന്നത്.
‘ജടായുപ്പാറ’യുടെ ഒരു വശത്തു നിന്നുള്ള ദൃശ്യ മാതൃകയാണ് റിപ്പബ്ലിക് ദിന പരേഡിനായി അണിയിച്ചൊരുക്കിയത്. രാമായണത്തിൽ, സീതയുമായി രാവണൻ പുഷ്പക വിമാനത്തിൽ വായുമാർഗം ലങ്കയിലേക്കു കടക്കുമ്പോൾ പക്ഷിശ്രേഷ്ഠനായ ജടായു ഏറ്റുമുട്ടിയെന്നും രാവണന്റെ ചന്ദ്രഹാസമേറ്റു ചിറകറ്റ് ഈ പാറമേൽ വീണെന്നുമാണ് ഐതിഹ്യം. ചിറകരിഞ്ഞു വീണ പക്ഷിയുടെ രൂപത്തിലുള്ള കൂറ്റൻ ശിൽപം ചടയമംഗലത്ത് നിർമിച്ചത് ശിൽപിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ ആണ്. സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലാണു ജടായുപ്പാറ.