റെയില്‍വെ സ്‌റ്റേഷനുകളിലെ ഭക്ഷണത്തിന് വില വര്‍ധിപ്പിച്ചു; പഴംപൊരിക്ക് 20, ഊണിന് 95
തിരുവനന്തപുരം : _ഇനി മുതല്‍ ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തിനായി കൂടുതല്‍ തുക മുടക്കേണ്ടി വരും. റെയല്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ വില വര്‍ധിപ്പിച്ചു കൊണ്ട് റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. അഞ്ച് ശതമാനം പുതുക്കിയ ജിഎസ്ടി ഉള്‍പ്പെടെയാണ് പുതുക്കിയ വില. ഭക്ഷണത്തിന്റെ പുതുക്കിയ വില ഫെബ്രുവരി 24 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ പഴംപൊരിക്ക് 20 രൂപയും ഊണിന് 95 രൂപയും നല്‍കണം. നേരത്തെ പഴംപൊരിക്ക് 13 രൂപയും ഊണിന് 55 ഉം ആയിരുന്നു. മുട്ടക്കറിയുടെ വില 32ല്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി, കടലക്കറി 28 രൂപയില്‍ നിന്ന് 40ലേക്കും ഉയര്‍ത്തി. ചിക്കന്‍ബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിള്‍ ബിരിയാണിക്ക് 70 ഉം നല്‍കണം.