ലക്കിബിൽ ആപ്പ് ഡൗൺലോഡ് ചെയ്ത്
സമ്മാനങ്ങൾ നേടൂ

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് അധിഷ്ഠിത സമ്മാന പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബിൽ ആപ്പ് പുറത്തിറക്കിയത്. ഇതിനോടകം പതിനായിരത്തോളം പേർ ആപ്പ് ഡൗൺലൗഡ് ചെയ്തു. സംസ്ഥാനത്ത് കൂടുതൽ പേർ ആപ്പ് ഉപയോഗിച്ചതിൽ രണ്ടാംസ്ഥാനത്താണ് ജില്ല.
ലക്കി ബിൽ ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ബില്ലുകൾക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ കൂടാതെ ബംബർ സമ്മാനവും നൽകും. പ്രതിദിന നറുക്കെടുപ്പിലൂടെ കുടുംബശ്രീ നൽകുന്ന 1000 രൂപ വിലവരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും വനശ്രീ നൽകുന്ന 1000 രൂപ വിലവരുന്ന സമ്മാനങ്ങൾ 25 പേർക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സിയുടെ മൂന്നു പകലും രണ്ടു രാത്രിയും വരുന്ന കുടുംബ സമേതമുള്ള താമസസൗകര്യം 25 പേർക്ക് ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ടു ലക്ഷം വീതം അഞ്ചു പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. ബമ്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയും ലഭിക്കും. പ്രതിവർഷം അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്ല് ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുക.
ആപ്പിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ബില്ല് ചോദിച്ച് വാങ്ങാൻ പൊതുജനത്തെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതമാക്കുകയും ചെയ്യും. ജനങ്ങൾ നൽകുന്ന നികുതി പൂർണമായും സർക്കാരിലേക്ക് എത്തുന്നതോടെ സർക്കാരിന്റെ നികുതി വരുമാനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയത്.
ലക്കി ബിൽ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. തുടർന്ന് പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ശേഷം ഉപയോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ അപ് ലോഡ് ചെയ്യാം.
ജില്ലയിൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വിപുലമായ പരിപാടികളാണ് കണ്ണൂർ ചരക്കു സേവന നികുതി വകുപ്പ് ആസ്ത്രണം ചെയ്യുന്നത്. സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, വിവിധ മേളകൾ എന്നിവിടങ്ങളിൽ ബോധവത്കരണം നടത്തി വരികയാണ്. കൂടാതെ ജില്ലയിലെ കോളജുകളിലും ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം ഉടൻ നടത്തുമെന്ന് ജില്ലാ ജോയിന്റ് കമ്മീഷണർ ആർ ഇ ശ്രീവത്സ അറിയിച്ചു.