ലഹരി ഉപയോഗം തടയാൻ തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം: ജില്ലാ ആസൂത്രണ സമിതി

യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായി ഇടപെടണമെന്ന് ജില്ലാ ആസൂത്രണ സമിതി. വാർഡ് തലത്തിലുള്ള ഡ്രഗ് ഒബ്സർവർമാരിൽ നിന്നും എക്സൈസ് വകുപ്പ് വിവരശേഖരണം നടത്തും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ ജില്ലാതല യോഗം ചേരുമെന്നും സമിതി അറിയിച്ചു. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും 2022-23 വർഷത്തെ ആദ്യഘട്ട പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.

സംസ്ഥാന സർക്കാരിന്റെ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ ഏപ്രിൽ 22ന് നടത്തുന്ന ജല ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പിലോട് പഞ്ചായത്തിൽ നടക്കും. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ഉദ്ഘാടനം ഉണ്ടാകും. ഒരു വർഷം നീളുന്ന ശുചീകരണമാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ജല നടത്തം സംഘടിപ്പിക്കും. തത്സമയ ജല പരിശോധനക്കുള്ള സംവിധാനം ഒരുക്കും. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആസൂത്രണ സമിതി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇതിനായി ജില്ലയിലെ വിവിധയിടങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കും.
വിവാഹ ആഭാസങ്ങളും പ്ലാസ്റ്റിക് ഉപയോഗവും തടയാൻ തദ്ദേശ സ്ഥാപനങ്ങൾ വിവാഹ പ്രോട്ടോക്കാൾ നടപ്പാക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും ടൂറിസം വകുപ്പിന്റെ സഹായത്തോടെ മികച്ചതാക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആസൂത്രണ സമിതി അധ്യക്ഷയുമായ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, സമിതി അംഗങ്ങളായ അഡ്വ. ടി ഒ മോഹനൻ, അഡ്വ. ബിനോയ് കുര്യൻ, കെ വി ലളിത, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, ലിസി ജോസഫ്, കെ താഹിറ, വി ഗീത, ശ്രീന പ്രമോദ്, എൻ പി ശ്രീധരൻ, ഇ വിജയൻ മാസ്റ്റർ, പി പുരുഷോത്തമൻ, ഡി പി സി സർക്കാർ നോമിനി കെ വി ഗോവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.