ലഹരി വിമുക്ത ജനകീയ ക്യാമ്പയിൻ തുടങ്ങി

ഗ്രാമങ്ങളിലെ ലഹരി കേന്ദ്രങ്ങൾക്കെതിരെ നടപടി വേണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഗ്രാമങ്ങളിൽ ലഹരിയുടെ ധാരാളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും അവ എക്‌സൈസിന്റെയും പോലീസിന്റെയും മുന്നിൽ എത്തിക്കാൻ പലരും ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അത്തരത്തിൽ ഒരു സമീപനം ഇനി പാടില്ല. വാർഡ് തലത്തിൽ നിന്ന് തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കണം. ജില്ലയിൽ വ്യാപിക്കുന്ന ലഹരി വസ്തുക്കളിൽ ചെറിയൊരു ശതമാനം മാത്രമാണ് എക്‌സൈസും പോലീസും പിടിച്ചെടുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും നാട്ടുകാരും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ചേർന്ന് ലഹരിക്കെതിരെ പ്രവർത്തിക്കണം.

ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും എക്‌സൈസ്, പൊലീസ് എന്നീ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തുന്ന ‘ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി’ എന്ന ലഹരി വിമുക്ത ജനകീയ ക്യാമ്പയിന്റെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ മദ്യ ഉപയോഗം കുറഞ്ഞതായും വിവിധ ലഹരി ഉൽപ്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായും കാണാം. ലഹരി ഉൽപ്പന്നങ്ങളുടെ വ്യാപിച്ചു വരുന്ന വിപണനം ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് സാധിക്കണം. സംഘർഷത്തിന് വഴി വെക്കാതെ വേണം ഇടപെടുന്നത്. സാംക്രമിക രോഗം പോലെ പടർന്നു പിടിക്കുന്ന ലഹരിക്കെതിരെ ബോധവത്കരണം നടത്തി ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കണം. അതിന് സാധിക്കുന്നില്ലെങ്കിൽ അവരെ ഡി അഡിക്ഷൻ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയണമെന്നും ലഹരി സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ ജില്ലയിൽ വരുന്ന രണ്ടു മാസക്കാലം വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. മെയ് 15നുള്ളിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും യോഗം ചേർന്ന് വാർഡ്തല ഡ്രഗ് ഒബ്‌സർവർമാരെ നിയമിക്കാൻ യോഗം നിർദ്ദേശിച്ചു. വാർഡുതല നിരീക്ഷണ സേന രൂപീകരിക്കണം, വിവാഹം പോലുള്ള ആഘോഷ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാർഡുതല സമിതി നിരീക്ഷണം നടത്തണം തുടങ്ങിയ തീരുമാനങ്ങളെടുത്തു. എല്ലാ മാസവും വിമുക്തി ജില്ലാതല സമിതി യോഗം ചേരാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തീരുമാനമായി.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. മേയർ അഡ്വ. ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, യു പി ശോഭ, അഡ്വ. ടി സരള, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ എസ് ഷാജി, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പ് തലവന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.