ലീഗ്‌ ആര്‌? മതസംഘടനയോ രാഷ്‌ട്രീയ പാർട്ടിയോ? ചെയ്യാനുള്ളത്‌ ചെയ്യ്‌: പിണറായി

മുസ്ലീം ലീഗ്‌ ഒരു രാഷ്‌ട്രീയ പാർട്ടിയാണോ, അല്ലെങ്കിൽ മതസംഘടനയാണോ എന്നകാര്യം വ്യക്തമാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിടുന്നതുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌. വഖഫ്‌ ബോർഡ്‌ വിഷയത്തിൽ സർക്കാരിന്‌ പിടിവാശിയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ വന്നാൽ അത്‌ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. സംസ്ഥാനത്ത്‌ വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാടായിയിൽ സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ്‌ ബോർഡിൽ പിഎസ്‌സി നിയമനത്തിന്റെ കാര്യം എന്നത്‌ ബോർഡാണ്‌ തീരുമാനിക്കുന്നത്‌. വഖഫ്‌ ബോർഡ്‌ തീരുമാനിച്ച്‌ സർക്കാരിനെ അറിയിച്ചതാണ്‌. ഇപ്പോൾ ജോലി എടുക്കുന്നവർക്ക്‌ സംരക്ഷണം കൊടുത്തുകൊണ്ട്‌ പിഎസ്‌സി നിയമനം ആകാമെന്നാണ്‌ ലീഗ്‌ എംഎൽഎമാർ നിയമസഭയിൽ പറഞ്ഞത്‌. ഇതിൽ ലീഗിനോട്‌ പറയാനുള്ളത്‌, നിങ്ങളാദ്യം നിങ്ങളാരെന്ന്‌ തീരുമാനിക്കണം. നിങ്ങളൊരു രാഷ്‌ട്രീയ പാർട്ടിയാണോ, അല്ലെങ്കിൽ മതസംഘടനയാണോ?.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗം വ്യക്തമാക്കി കഴിഞ്ഞതാണ്‌. സർക്കാരിന്‌ ഇക്കാര്യത്തിൽ ഒരു വാശിയുമില്ല. നൂറിലധികം സ്ഥാനങ്ങളാണ്‌ വഖഫ്‌ ബോർഡിൽ ആകെയുള്ളത്‌. അത്‌ ഏത്‌ രീതിയിൽ റിപ്പോർട്ട്‌ ചെയ്യണമെന്നതിൽ സർക്കാരിനെ സംബന്ധിച്ച്‌ ഒരു പിടിവാശിയുമില്ല. മതസംഘടനകൾക്ക്‌ ഇക്കാര്യം ബോധ്യമായി. ഇവർക്കത്‌ ബോധ്യമായില്ല. ലീഗ്‌ ആരാണ്‌? ലീഗൊരു രാഷ്‌ട്രീയ പാർട്ടിയാണ്‌. നമ്മുടെ നാടിന്റെ മുസ്ലീമിന്റെ ശാക്തീകരണം എടുത്ത്‌ പരിശോധിച്ചാൽ, എവിടെയാണ്‌ മുസ്ലീം എന്ന്‌ ലീഗിന്‌ മനസ്സിലായിട്ടുണ്ടോ?. മുസ്ലീമിന്റെയാകെ അട്ടിപ്പേറവകാശം ലീഗിനല്ല. ലീഗിന്റെ സ്വാധീനകേന്ദ്രമായ മലപ്പുറത്ത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗ്രാഫ്‌ ഉയരുകയാണ്‌. അതാണ്‌ മാറ്റം.
ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ വന്നാൽ അത്‌ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. മതസംഘടനകളുമായി ഇക്കാര്യം ചർച്ചചെയ്യും. അതിന്‌ പരിഹാരമുണ്ടാക്കും. അവർക്ക്‌ അക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ഏറ്റവും വലിയ മുസ്ലിം സംഘടനകളായ ജിഫ്രി തങ്ങളുടെ സമസ്‌തയ്‌ക്കും, അബൂബക്കർ മുസ്ലിയാർക്കും ഇക്കാര്യം നല്ല ബോധ്യമുണ്ട്‌. ലീഗിന്‌ മാത്രം ബോധ്യമില്ലപോലും, നിങ്ങളുടെ ബോധ്യം ആര്‌ പരിഗണിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്‌ ചെയ്യാനുള്ളത്‌ ചെയ്യ്‌. ഞങ്ങൾക്കത്‌ പ്രശ്‌നമല്ല.
കേരളത്തിൽ പല ഭാഗത്തുനിന്നും വർഗീയധ്രുവീകരണത്തിന്‌ വല്ലാത്ത ശ്രമം നടത്തുകയാണ്‌. രാഷ്‌ട്രീയമായി ഇടതുപക്ഷത്തേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും നേരിടാൻ അവർക്ക്‌ കഴിയില്ലാ എന്ന്‌ ബോധ്യമായിരിക്കുകയാണ്‌. ഇതിന്‌ മുന്നിലുള്ളത്‌ ആർഎസ്‌എസും – സംഘ്‌പരിവാറും തന്നെയാണ്‌. കഴിഞ്ഞദിവസം തലശ്ശേരിയിൽ നടന്ന പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം കേരളമാകെ ശ്രദ്ധിച്ചതാണ്‌. അവിടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കില്ല എന്നാണ്‌ പറയുന്നത്‌. നമസ്‌കാരം നടത്താൻ അനുവദിക്കില്ല എന്നാണ്‌ പറഞ്ഞത്‌. എവിടെവരെ അവർ പറയാൻ തയ്യാറാകുന്നു എന്നതാണ്‌ കാണേണ്ടത്‌.

ആർഎസ്‌എസ്‌ ശ്രമിക്കുന്ന എല്ലാകാര്യങ്ങളും നടത്താൻ കഴിയുന്ന സംസ്ഥാനമല്ല കേരളം. അതെന്തുകൊണ്ടാണെന്ന്‌ എല്ലാവർക്കും അറിയാം. വർഗീയവികാരം ആളുകളുടെ മനസ്സിലേക്ക്‌ മെല്ലെ മെല്ലെ എത്തിക്കുക എന്നതാണ്‌ അവരുടെ തന്ത്രം. അത്തരം ശ്രമങ്ങളെ വേഗംതന്നെ നുള്ളിക്കളയാൻ നമ്മൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.