ലൈഫ് മിഷൻ ഇടപാടില്‍ സിബിഐ അന്വേഷണം തുടരാം.

ലൈഫ് മിഷൻ ഇടപാടില്‍ സിബിഐ അന്വേഷണം തുടരാം. സംസ്ഥാന സര്‍ക്കാരും, യൂണിടെക്കും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വഷണം റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി.

കഴിഞ്ഞ ഒക്ടോബർ 14 നായിരുന്നു കേസിൽ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുൺ ലൈഫ് മിഷൻ സിഇഒ യ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തത്. അതേസമയം യൂണിടാകിനെതിരായ അന്വേഷണം തുടരാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സർക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹർജികൾ നൽകിയത്. പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാറിന്‍റെ വാദം.

എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണമെന്നായിരുന്നു സിബിഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.