ലൈഫ് മിഷൻ: പന്ന്യന്നൂരിൽ 40 ദിവസം കൊണ്ട് മൂന്ന് വീടുകൾ ഒരുങ്ങുന്നു
40 ദിവസം കൊണ്ട് മൂന്ന് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഒരുങ്ങി പന്ന്യന്നൂർ പഞ്ചായത്ത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്ന്യം പാലം മാക്കുനിയിലാണ് എട്ടേകാൽ സെന്റ് സ്ഥലത്ത് മൂന്ന് വീടുകൾ നിർമ്മിക്കുന്നത്.
സെന്റിന് നാല് ലക്ഷം വരെ വിലയുള്ള മാക്കുനിയിൽ ലൈഫ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് പഞ്ചായത്തിന് വെല്ലുവിളിയായിരുന്നു. ഇതറിഞ്ഞ കൂരാറ സ്വദേശി ദാസനാണ് സെന്റിന് 75,000 രൂപ നിരക്കിൽ പഞ്ചായത്തിന് ഭൂമി നൽകിയത്. കാടു മുടിക്കിടന്ന പ്രദേശം ഒരു ദിവസം കൊണ്ട് നിരപ്പാക്കി. ഫെബ്രുവരി 17ന് മൂന്ന് വീടുകളുടേയും നിർമ്മാണത്തിന് കുറ്റിയടിച്ചു. അഞ്ചു ദിവസം കൊണ്ട് തറയുടെ പ്രവൃത്തി പൂർത്തിയാക്കി. 12 ദിവസം കൊണ്ട് ചുമരും കെട്ടിപ്പൊക്കി.
തിങ്കളാഴ്ച ലിന്റൽ വാർപ്പ് നടക്കും. മാർച്ച് 31ന് മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി വീട് കൈമാറാൻ ഓരോ മണിക്കൂറിനും ടൈം ടേബിൾ വച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്.
സ്രാമ്പി നൂർ ജഹാൻ ക്വാട്ടേഴ്സിലെ സി എം മൊയ്തു, അരയാക്കൂലെ പി പി സൈബുന്നിസ, പന്ന്യന്നൂരെ എം മറിയു എന്നിവർക്കാണ് 420 ചതുരശ്ര അടി വീതമുള്ള വീടുകൾ ഒരുക്കുന്നത്. ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷം രൂപയാണ് സർക്കാർ ഒരു വീടിന് അനുവദിച്ചത്. പഞ്ചായത്ത് ജനകീയ കമ്മിറ്റിയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വീടുകൾക്ക് പ്രത്യേകം ചുറ്റുമതിൽ, പൊതു കിണർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. രണ്ട് കിടപ്പു മുറി, ഹാൾ, സിറ്റ് ഔട്ട് , അടുക്കള, ശുചിമുറി എന്നിവയാണ് വീടുകളിൽ ഉണ്ടാകുക. തറയിൽ പൂർണമായും ടൈൽസ് പതിക്കും. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ കെ മണിലാൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി ഹരിദാസൻ, പഞ്ചായത്ത് അംഗങ്ങളായ കെ ബിജു, ജനകീയ കമ്മിറ്റി പ്രതിനിധികളായ കാസിം അൽഹിക്മ, കെ നൂറുദ്ദീൻ, ടി ടി അസ്‌ക്കർ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.