ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍

കൊച്ചി:ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി അവധിക്കാല ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും.

ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ വസ്തുതാപരമാണെന്നും കെ.ടി. ജലീല്‍ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്തെന്നും ആയതിനാല്‍ അദ്ദേഹം സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്താണ് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന്‍ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക. ഉത്തരവ് ലഭിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി നടപടിയെടുക്കാതിരുന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നാണ് പരാതിക്കാര്‍ അറിയിച്ചത്.