ലോക്ക്ഡൗണ്‍: ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഇന്ന് മുതല്‍ 16 വരെ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനയുമായി പൊലീസ് വകുപ്പ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ പിക്കെറ്റ് പോസ്റ്റുകളും പൊലീസ് പട്രോളിങ്ങും ശക്തമാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പൊലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ വാഹന ഗതാഗത നിയന്ത്രണങ്ങളും രാത്രികാല വാഹന പരിശോധനയും പൊലീസ് കര്‍ശനമാക്കും.
കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത ഷോപ്പുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍എന്നിവക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

പൊതു സ്ഥലങ്ങളിലും ആവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന വ്യാപാര സ്ഥപനങ്ങളിലും അനാവശ്യ തിരക്കും ആള്‍ക്കൂട്ടവും നിയന്ത്രിക്കാന്‍ പൊലീസ് കര്‍ശന പരിശോധന നടത്തും. മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ഉപയോഗം, സാമൂഹ്യ അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. രണ്ടു മീറ്റര്‍ അകലം പാലിക്കാതെയും സാനിറ്റൈസര്‍ ലഭ്യമാക്കാതെയുമിരുന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കേരള പകര്‍ച്ചവ്യാധി നിയമ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് അറിയിച്ചു.