ലോക നഴ്സസ് ദിനത്തിൽ സന്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ
ലോക നഴ്സസ് ദിനത്തിൽ സന്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആരോഗ്യമന്ത്രി ലോക നഴ്സ് ദിനാശംസകൾ നേർന്നത്.
ആതുര ശുശ്രൂഷാ രംഗത്തെ മാലാഖമാര്‍ക്ക് ആശംസകള്‍ നല്‍കുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നഴ്സുമാരുടെ സേവന തത്പരതയും മനുഷ്യജീവന്‍ രക്ഷിക്കാനുള്ള അവരുടെ പോരാട്ടവും ലോകമെമ്പാടും പ്രശംസനീയമാണ്. ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി മാറിക്കൊണ്ട് ഓരോ മനുഷ്യനെയും ആശ്വസിപ്പിച്ച് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരികയാണ് നഴ്സുമാര്‍. പരിചരിക്കുക എന്നത് വലിയൊരു ധര്‍മമാണ്. മദര്‍ തെരേസയെ പോലെ വേദന അനുഭവിക്കുന്നവരെ തലോടുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നത് ഏറ്റവും മഹത്തായ കര്‍മമാണ്.
കിട്ടുന്ന ശമ്പളം എത്ര കുറവാണെങ്കിലും മനുഷ്യരെ പരിചരിക്കുക എന്നതാണ് നഴ്സുമാര്‍ ചെയ്യുന്നത്. മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ അവിടുത്തെ ഭരണാധികാരികളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സ്വന്തം ദുഖങ്ങളും ദുരിതങ്ങളും മറന്നുകൊണ്ട് അപരന്റെ മനസിന് ആശ്വാസമുണ്ടാക്കാന്‍ കഴിയുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് ശരിയായ നഴ്സിംഗ്. അത് അന്വര്‍ത്ഥമാക്കുകയാണ് നമ്മുടെ നഴ്സുമാര്‍. നിപ മഹാമാരിക്കിടയില്‍ ആ ത്യാഗത്തിന്റെ കഥ നമ്മള്‍ കണ്ടതാണ്. ലിനിയെ ആദരവോട് കൂടി ഓര്‍മിക്കുന്നു. എല്ലാ നഴ്സുമാരും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാശംസിക്കുന്നു’ എന്നും കെ.കെ ശൈലജ പറഞ്ഞു.