വന്ദേഭാരത് ഇന്ന് എത്തും; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശന യാത്ര

കൊച്ചി:- കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.45-ന്‌ പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട്‌ എത്തും. ചെന്നൈയിൽ നിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്‌ ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കുറെക്കാലമായി റെയിൽവേ നടത്തി വരുന്നുണ്ട്.