വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം കണ്ണൂരിൽ അതിവേഗം ഒരുങ്ങുന്നു

തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം കണ്ണൂരിൽ അതിവേഗം ഒരുങ്ങുന്നു. ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്കു യാത്ര പുറപ്പെടുന്നതെങ്കിലും അവിടെ വെള്ളം നിറയ്ക്കാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ നിന്നു വെള്ളം നിറയ്ക്കാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ ചീഫ് പ്രിൻസിപ്പൽ മെക്കാനിക്കൽ എൻജിനീയർ നേരിട്ട് കണ്ണൂരിൽ എത്തിയാണ് അതിവേഗം സൗകര്യമൊരുക്കാൻ നിർദേശം നൽകിയത്.

കണ്ണൂരിൽ നിന്നു യാത്ര പുറപ്പെടുന്ന ട്രെയിനുകളിൽ വെള്ളം നിറയ്ക്കേണ്ടതിനാൽ പൈപ്പ് ലൈനുകളും അനുബന്ധ സൗകര്യങ്ങളും സ്റ്റേഷനിൽ നേരത്തേ ഒരുക്കിയിട്ടുണ്ട്. എന്നാൽ വന്ദേഭാരതിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണു വെള്ളം നിറയ്ക്കേണ്ടത് എന്നതിനാൽ കൂടുതൽ സമയം ഇതിനു വേണ്ടി നിർത്തിയിടാൻ സാധിക്കില്ല. 1100 ലീറ്റർ വെള്ളമാണ് ഓരോ കോച്ചിലെയും ടാങ്കിന്റെ ശേഷി. 16 കോച്ചുകളിലായി 17,600 ലീറ്റർ വെള്ളം നിറയ്ക്കാം. ഇത്രയും വെള്ളം പരമാവധി വേഗം നിറയ്ക്കുന്നതിനു വേണ്ടി പ്രത്യേക ബൂസ്റ്റർ പമ്പ് സ്ഥാപിച്ചു.

ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ‌നിർത്തുന്ന മൂന്നാം നമ്പർ പ്ലാറ്റ്ഫോമി‌നോടു ചേർന്നുള്ള പൈപ്പ് ലൈൻ വഴിയാണ് വെള്ളം നിറയ്ക്കുക. ബൂസ്റ്റർ പമ്പ് സ്ഥാപിച്ചതിനാൽ പമ്പിങ് ശക്തി കൂടും എന്നതിനാൽ പഴയ പൈപ്പ് ലൈനിൽ ചോർച്ചയുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് പൈപ്പ് ലൈനിലും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെ നടക്കുന്ന പ്രവൃത്തി ഇന്നു വൈകിട്ടോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭാവിയിൽ കാസർകോട്ട് സൗകര്യം ഒരുക്കി വെള്ളം നിറയ്ക്കൽ അവിടേക്കു മാറ്റും.

മംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യമൊരുക്കാൻ കഴിഞ്ഞ മാസം റെയിൽവേ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതു പൂർത്തിയാവുന്നതോടെ മംഗളൂരുവിലേക്കു നീട്ടാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ വെള്ളം നിറയ്ക്കാൻ 10 മിനിറ്റ് സമയമെങ്കിലും ട്രെയിൻ കണ്ണൂരിൽ നിർത്തേണ്ടി വരും. എന്നാൽ നിലവിൽ റെയിൽവേ പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച് കണ്ണൂരിൽ 2 മിനിറ്റ് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. 10 മിനിറ്റ് നിർത്തി വെള്ളം നിറച്ചാലും അടുത്ത സ്റ്റേഷനിൽ കൃത്യസമയത്ത് ഓടിയെത്താൻ സാധിക്കുമെന്നും അതുകൊണ്ടാണു സമയക്രമത്തിൽ ഇതു പ്രത്യേകം സൂചിപ്പിക്കാത്തതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.