വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ :പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി
കൽപ്പറ്റ : വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വർഷങ്ങളായി മുഹമ്മദിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കീഴടങ്ങിയ സ്ത്രീയും പെൺമക്കളും. മുഹമ്മദിന്റെ ഭാര്യ പുറത്തുപോയ സമയത്ത്, പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് മൊഴി. ഇത് തടയാൻ ശ്രമിച്ചപ്പോൾ പെൺകുട്ടികളും മുഹമ്മദും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെൺകുട്ടികളും അമ്മയും നൽകിയിരിക്കുന്ന മൊഴി.