വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് പാലക്കാട് നിന്നുള്ള വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.പരിശോധനയില്‍ ഇവിടെ നിന്ന് 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. ഉ​ദ്യോ​ഗസ്ഥര്‍ ശേഖരിക്കുന്ന പണം ഓഫീസില്‍ നിന്ന് പുറത്തു കടത്താന്‍ ഏജന്റുണ്ട്. ഇത്തരത്തില്‍ ഏജന്റിന് കൈമാറിയ പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിജിലന്‍സ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ്

ആര്‍ടിഓ ചെക്ക് പോസ്റ്റില്‍ അഞ്ച് ഉദ്യോ​ഗസ്ഥര്‍ ഡ്യൂട്ടി മാറി കയറിയത്. എട്ട് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്തിനുള്ളിലാണ് ഇത്രയും പണം കൈക്കൂലിയായി ഉ​ദ്യോ​ഗസ്ഥര്‍ വാങ്ങിയതെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി. ഇന്നലെ രാവിലെ പത്ത് മണി മുതല്‍ രാത്രി 12 മണി വരെ സര്‍ക്കാരിന് റവന്യൂ വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്.

വിജിലന്‍സ് സംഘം മിന്നല്‍ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. മറ്റൊരു ഉദ്യോ​ഗസ്ഥന്‍ അടുത്തുള്ള ആശുപത്രിയിലും അഭയം തേടി. ഇവരെ വിജിലന്‍സ് പിന്തുടര്‍ന്ന് പിടികൂടി.