വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു.
പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. റെയിൽവേ എസ്.പി. ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിന്റെ പുനർവിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ വീണ്ടും നടപടി ആരംഭിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടിയെ ജനുവരി 13-ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേവർഷം മാർച്ച് നാലിന് ഒമ്പതുവയസ്സുള്ള ഇളയസഹോദരിയെയും അട്ടപ്പള്ളത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
ഇളയകുട്ടിയും മരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തിയത്. 2019-ൽ കോടതി പ്രതികളെ വെറുതെവിട്ടു. തുടർന്ന്, പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ച വിവാദമായതോടെ സർക്കാരും അപ്പീൽ നൽകി.
തുടർന്ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസ് പുനർവിചാരണയ്ക്ക് പാലക്കാട് പോക്സോ കോടതിയിലേക്ക് വിടുകയുംചെയ്തു.