വാഹന വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതൽ ടാക്‌സി കാർ/ഗുഡ്‌സ് കാരിയർ ഉൾപ്പെടെ കമേഴ്‌സൽ വാഹനങ്ങൾക്ക് കീഴിൽ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പ.
അപേക്ഷകർ 18നും 55നുംഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷിക്കുന്നവർക്ക് വാഹനം ഓടിക്കുവാനുള്ള ലൈസൻസുണ്ടായിരിക്കം. വായ്പ തുക ഏഴ് ശതമാനം പലിശ നിരക്കിൽ 60 തുല്ല്യ മാസ ഗഡുക്കളായി ,പിഴപ്പലിശയുണ്ടെങ്കിൽ അതും സഹിതം തിരിച്ചടക്കേണ്ടതാണ്.
കൂടാതെ വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ നൽകുന്നു. മൂന്ന് ലക്ഷം രൂപ വരെ നൽകുന്ന വായ്പക്ക് ആറ് ശതമാനമാണ് പലിശ നിരക്ക്. 30,000 രൂപ സബ്‌സിഡിയും ലഭിക്കും.
തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2705036, 9446958777.