വിദ്യാഭ്യാസ ധനസഹായ വിതരണം

വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് വനിതാ ശിശുവികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ബി പി എൽ വിഭാഗക്കാർക്കാണ് ധനസഹായത്തിന് അർഹത. വിവാഹമോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ കുട്ടികൾക്കും അർഹതയുണ്ട്. കോടതി ഉത്തരവിന്റെ പകർപ്പും പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. പുനർവിവാഹം ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾക്കും ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കൾക്കും ധനസഹായത്തിന് അർഹതയുണ്ട്. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം റവന്യൂ/വില്ലേജ് ഓഫീസറിൽ നിന്നും ഹാജരാക്കണം. ഇതിന് തടസ്സം ഉണ്ടെങ്കിൽ രേഖാമൂലം വില്ലേജ് ഓഫീസറിൽ നിന്നും ലഭ്യമാക്കി അപേക്ഷയോടൊപ്പം ഹാജരാക്കുകയും അപേക്ഷക ഒരു സത്യവാങ്മൂലം ബന്ധപ്പട്ട പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി എന്നിവരുടെ പക്കൽ നിന്നും വാങ്ങി അപ്‌ലോഡ് ചെയ്യുകയും വേണം. ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്താനും പറ്റാതെ കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾക്കും അപേക്ഷിക്കാം. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. എ ആർ ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന എച്ച് ഐ വി ബാധിതരായ വ്യക്തികളുടെ കുട്ടികൾക്കും അപേക്ഷിക്കാം. ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കു മാത്രമേ ധനസഹായത്തിന് അർഹതയുള്ളൂ. മറ്റ് സ്‌കോളർഷിപ്പുകൾ കൈപ്പറ്റുന്നവർ ധനസഹായത്തിന് അർഹരല്ല. സസ്ഥാന സർക്കാർ/എയിഡസ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സഹായം നൽകുക. അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പർ വരുന്ന പേജ്-അപേക്ഷകയുടേയും കുട്ടിയുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് അപ്േലാഡ് ചെയ്യണം. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും www.schemes.wcd.kerala.gov.in സന്ദർശിക്കുക. അപേക്ഷ അതത് ഐ സി ഡി എസ് ഓഫീസുകളിലെ ശിശുവികസന പദ്ധതി ഓഫീസർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കണം.