വിദ്യാർത്ഥികളുടെ കൺസെഷൻ വെട്ടിച്ചുരുക്കുവാൻ അനുവദിക്കുകയില്ല : കെ.എസ്.യു

മട്ടന്നൂർ : അനാവശ്യമായ പരിഷ്കാരങ്ങളും വേർതിരിക്കലുകളും നടത്തി വിദ്യാർത്ഥി കൺസെഷൻ വെട്ടിച്ചുരുക്കുവാനുള്ള സർക്കാർ നിലപാട് ഒരിക്കലും അനുവദിക്കില്ലെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്. വിദ്യാർത്ഥി കൺസെഷൻ്റെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതിയ പരിഷ്കാരങ്ങൾക്കെതിരായി കെ.എസ്.യു വിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ വഴിയിൽ തടയുകയും, നടപടി തിരുത്തുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. വിദ്യാർത്ഥികളെ അനാവശ്യമായി തരംതിരിച്ച് കൺസെഷൻ വെട്ടിച്ചുരുക്കുവാനുള്ള നീക്കത്തെ ഒരിക്കലും അംഗീകരിക്കുവാനാകില്ല. പടിപടിയായി വിദ്യാർത്ഥി കൺസെഷൻ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമത്തിൻ്റെ ഭാഗമാണ് ഈ നീക്കം. സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായിരിക്കുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കുവാൻ വിദ്യാർത്ഥികളെ ഉപദ്രവിക്കുവാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ കെ.എസ്.യു നടത്തിയ സമരഫലമായി കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് ലഭിച്ച വിദ്യാർത്ഥി കൺസെഷൻ സംരക്ഷിക്കുവാനുള്ള പോരാട്ടങ്ങൾക്ക് ഇനിയും കെ.എസ്.യു നേതൃത്വം നൽകും. കെ.എസ്.ആർ.ടി.സിക്ക് ചില്ല് ആണോ ചില്ലറ ആണോ വേണ്ടതെന്ന് തീരുമാനിക്കാമെന്നും മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡൻ്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു.