വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സ്വകാര്യ റിസോർട്ട് പൂട്ടിച്ചു

വയനാട്: മേപ്പാടി ഏളമ്പിലേരിയിലെ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടിച്ചു. പരിശോധനയില്‍ സുരക്ഷയില്ലെന്ന് വ്യക്തമായെന്ന് കളക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

അംഗീകാരമില്ലാതെ റിസോര്‍ട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. റിസോര്‍ട്ട് ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള സ്ഥലത്താണ്. ഇത്തരത്തില്‍ അനധികൃതമായ മുഴുവന്‍ റിസോര്‍ട്ടുകളും പൂട്ടുമെന്ന് കളക്ടര്‍ അറിയിച്ചു.

റിസോര്‍ട്ട് അനധികൃതമെന്ന് പഞ്ചായത്തും വ്യക്തമാക്കി. റിസോര്‍ട്ട് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത്.വന്യ മൃഗ ശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗിച്ച്‌ ലാഭമുണ്ടാക്കുന്നു. ഇന്നലെ ആക്രമണം നടക്കുന്ന സമയത്ത് മുപ്പതോളം പേര്‍ സംഭവ സ്ഥലത്ത് ടെന്റുകളില്‍ കഴിഞ്ഞിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റ ഷഹാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വന്യമൃഗശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്നും ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വനത്തിന്റെ അതിര്‍ത്തിയോട് വളരെ അടുത്ത് കിടക്കുന്നതാണ് ഈ ഹോം സ്റ്റേ. ഏതാണ്ട് പത്ത് മീറ്റര്‍ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. ഇന്നലെ ഇവിടെ 30 പേരുണ്ടായിരുന്നു. മേപ്പാടിയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ ദൂരെയാണ് ഹോം സ്റ്റേ. വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പും ഈ വാദം നിഷേധിക്കുന്നു.