വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.

തിരുവനന്തപുരം: വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കി രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. കൗണ്‍സിലുകള്‍ നല്‍കാറുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സമുദായ സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മതിയാകുമോയെന്ന കാര്യത്തില്‍ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല.

അതേസമയം സ്ത്രീധന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2021 ല്‍ തയ്യാറാക്കിയ കരട് നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനം നിരോധിച്ചതോടെ പകരമായി നല്‍കുന്ന സമ്മാനത്തിന് പരിധി വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവാഹസമ്മാനം 10 പവനും ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് ചുരുക്കണം. വധുവിന് ആവശ്യമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ ലക്ഷം രൂപയില്‍ ചുരുക്കണമെന്നാണ് കമ്മീഷന്‍റെ നിർദേശം. കൂടാതെ വിവാഹ ആര്‍ഭാടങ്ങളും ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കും കൗണ്‍സില്‍ നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ പറഞ്ഞു.
സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള നിയമം കര്‍ശനമാക്കാന്‍ വനിതാ- ശിശുക്ഷേമ വകുപ്പിനോട് ശുപാര്‍ശ ചെയ്തതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയും കമ്മീഷനംഗം ഇന്ദിരാ രവീന്ദ്രനും വ്യക്തമാക്കി. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന വൈശാഖ കേസിന്റെ മാര്‍ഗ നിര്‍ദേശം നിലവിലുണ്ടെങ്കിലും ശക്തമായി നടപ്പാക്കുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു.