വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കും

വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങളുടെ പശ്ചാത്തലത്തിൽ കൗൺസിലർമാർ ചെയർമാന്മാരായി വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ കൗൺസിൽ ഹാളിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. 55 വാർഡിലെയും നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ ഫെബ്രുവരി 27ന് ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ഒരേ സമയം യോഗം വിളിച്ചുചേർക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗരപ്രമുഖർ, പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജന-മഹിളാ സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, പോലീസ്- എക്‌സൈസ് -റവന്യൂ അധികാരികൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷനായി.
വിവാഹ വീടും പരിസരങ്ങളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ ഇടപെടലുകളും നിരീക്ഷണങ്ങളും നടത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ജനങ്ങളിൽ പൊതു അവബോധം ഉണ്ടാക്കുന്നതിനായി കോർപ്പറേഷൻ തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ലഘുലേഖ വിതരണം ചെയ്യും. വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽഎക്‌സൈസ് സഹായത്തോടെ വിദ്യാലയങ്ങളിൽ മദ്യത്തിനും, മയക്കുമരുന്നിനും എതിരെ ബോധവത്കരണം സംഘടിപ്പിക്കും.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരം സമിതി ചെയർമാന്മാരായ സുരേഷ് ബാബു എളയാവൂർ, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങൾ, എം.പി രാജേഷ്, ഷാഹിനാ മൊയ്തീൻ, പി ഷമീമ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ സുകന്യ, എൻ ഉഷ, വി കെ ഷൈജു, സെക്രട്ടറി ആർ. രാഹേഷ്, വിവിധ രാഷ്ട്രീയ പാർട്ടി യുവജന മഹിളാ പ്രതിനിധികളായ റഷീദ് കവ്വായി, പോത്തോടി സജീവൻ, വെള്ളോറ രാജൻ, കെ പി സലീം, കെ എം സപ്ന, എം സി സജീഷ്, ടി നിർമല, വിമുക്തി ജില്ലാ മാനേജർ ദിനേശൻ കെ കെ, എക്‌സൈസ് സി.ഐ ഉനൈസ് അഹമ്മദ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ പുരുഷോത്തമൻ കെ, ഹാരിഷ് വി, ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു, റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽകുമാർ, നിസാമുദീൻ തുടങ്ങിയവർ പങ്കെടുത്തു.