വിശപ്പ് രഹിത കേരളം: കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടൽ തുറക്കും

സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത കേരളം ‘സുഭിക്ഷ ഹോട്ടലുകൾ’ ആരംഭിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടലുകൾക്ക് സ്ഥലം കണ്ടെത്തിയതായി ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കണ്ണൂർ നിയോജക മണ്ഡലത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ സുഭിക്ഷ ഹോട്ടലിനായി 1500 ചതുരശ്ര അടി സ്ഥലം നൽകും. കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ പിലാത്തറയിൽ ചെത്ത് തൊഴിലാളി സഹകരണ സംഘം സുഭിക്ഷ ഹോട്ടലിന് വാടകയില്ലാതെ സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിൽ ഹോട്ടലിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിന് പഞ്ചായത്തുകൾക്ക് സഹായം നൽകണമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി.
ഗ്രാമപഞ്ചായത്തുകൾ സംയുക്ത കുടിവെള്ള പദ്ധതിക്കായി വാർഷിക പദ്ധതിയിൽ തുക വകയിരുത്തണമെന്ന് യോഗം നിർദേശിച്ചു. വിവിധ പട്ടികവർഗ കോളനികളിലെ കുടിവെള്ള ആവശ്യം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ജല അതോറിറ്റിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി. ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കണം.
കണ്ണൂർ കോർപറേഷനിൽ വാതക ശ്മശാനം നിർമ്മിക്കാൻ കോർപറേഷൻ സെക്രട്ടറി സമർപ്പിച്ച രണ്ട് കോടി രൂപയുടെ ഡിപിആറിന് ഭരണാനുമതി നൽകിയതായി എഡിസി ജനറൽ അറിയിച്ചു.
ആറളം ഫാമിലെ ആനമതിൽ എട്ട് മാസത്തിനകം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായി ഐടിഡിപി ഓഫീസർ അറിയിച്ചു. പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് അംബേദ്കർ കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തി ഏതാണ്ട് പൂർത്തീകരിച്ചതായും ബാക്കി തുക ഉപയോഗിച്ച് എംഎൽഎ ആവശ്യപ്പെട്ട പ്രവൃത്തികൾ നടപ്പിലാക്കാമെന്നും ഐടിഡിപി ഓഫീസർ പറഞ്ഞു.
ഇരിട്ടി താലൂക്ക് സിവിൽ സപ്ലൈസ് കെട്ടിട നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം അനുവദിക്കുന്നതിന് നിർദിഷ്ട മാതൃകയിൽ സർക്കാറിലേക്ക് അപേക്ഷ നൽകാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി.
എയ്യൻകല്ല് എസ്ടി കോളനിയിൽ ഹാബിറ്റാറ്റ് ചെയ്യുന്ന വികസന പ്രവൃത്തികൾ പുതിയ എസ്റ്റിമേറ്റ് പ്രകാരം വരുന്ന തിങ്കളാഴ്ച പ്രവൃത്തി തുടങ്ങും. രണ്ട് മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ഐടിഡിപി ഓഫീസർ അറിയിച്ചു.
പിലാത്തറ-പാപ്പനിശ്ശേരി റോഡിലെ സോളാർ ലൈറ്റ് അറ്റകുറ്റപണിക്കായി കെഎസ്ടിപിക്ക് ഡിപിആർ സമർപ്പിച്ചതായി അനർട്ട് അറിയിച്ചു.
പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം ടോയ്‌ലറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ച് മാർച്ച് അവസാനവാരം തുറന്നുകൊടുക്കും. പുതിയങ്ങാടി ഫിഷ് ലാൻറിംഗ് സെൻററിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകും. വല നെയ്യുന്നതിന് ഷെഡിന് പ്രൊപ്പോസൽ തയ്യാറാക്കി അയക്കുമെന്ന് ഹാർബർ എൻജിനീയറിംഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ജലജീവൻ മിഷൻ ഗാർഹിക കണക്ഷന്റെ ട്രയൽ റൺ മാർച്ച് 31ഓടെ പൂർത്തിയാക്കി മുഴുവൻ വീടുകളിലും ജലവിതരണം നടത്തുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കിഫ്ബി പ്രവൃത്തിയായ കാവിൻമുനമ്പ് പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ആവശ്യമായ ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിക്കുമെന്ന് കെ ആർ എഫ് ബി എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണ പുരോഗതി അവലോകനം ചെയ്തു. ഡോ വി ശിവദാസൻ എം പി, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. സണ്ണി ജോസഫ്, കെ പി മോഹനൻ, സജീവ് ജോസഫ്, എം പിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.