വിഷു ആഘോഷങ്ങള്‍ – പരിശോധനകള്‍ കര്‍ശനമാക്കി കണ്ണൂര്‍ സിറ്റി പോലീസ്.
കണ്ണൂര്‍: വിഷു അവധി ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കി കണ്ണൂര്‍ സിറ്റി പോലീസ്. പരിശോധനകള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി മാര്‍ക്കറ്റുകള്‍, മാളുകള്‍, ബീച്ച്, പാര്‍ക്ക്, തുടങ്ങിയ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കുകുവാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്കി. മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കല്‍, ഗതാഗത കുരുക്കുകള്‍ സൃഷ്ട്ടിക്കുക തുടങ്ങിയവ കണ്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പെസഹ വ്യാഴം, ദുഖ വെള്ളി, വിഷു ദിവസങ്ങളില്‍ നഗരങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും തിരക്കുകള്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനും പ്രധാന ഇടങ്ങളില്‍ പോലീസിനെ വിന്യസിക്കും. കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു മൊബൈല്‍ പട്രോളിങ്ങും നാല് ബൈക്ക് പട്രോളിങ്ങും 15 ബീറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തി. 18 SI/ASI 56 SCPO/ CPO അടക്കം 74 പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തി. കണ്ണൂര്‍ സബ്ബ് ഡിവിഷന്നു കീഴില്‍ 230 പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് മൊബൈല്‍ പട്രോളിങ്ങും 6 ബൈക്ക് പട്രോളിങ്ങും 10 ബീറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തി. 6 SI/ASI 46 SCPO/ CPO മാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം പോലീസുകാരെ 14-04-22 തിയ്യതിയിലെയും 15-04-22 തിയ്യതിയിലെയും ഡ്യൂട്ടിക്കായി നിയോഗിച്ചു. കണ്ണൂര്‍ തലശേരി കൂത്തുപറമ്പ എന്നീ സബ്ബ് ഡിവിഷനുകളിലെ ഡ്യൂട്ടി ഏകോപിപ്പിക്കുന്നതിന് അതതു ACP മാര്‍ക്ക് ചുമതല നല്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലും മൊബൈല്‍ പട്രോളിങ്ങും, ബൈക്ക് പട്രോളിങ്ങും ബീറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.