വീട്ടിലും വിട്ടുവീഴ്ച അരുത്: നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

കൊവിഡ് രണ്ടാംതരംഗത്തില്‍ വീടുകളും രോഗവ്യാപന ഇടങ്ങളായി കണ്ട് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. വീടുകളില്‍ രോഗ വ്യാപനം തടഞ്ഞുനിര്‍ത്തുന്നതിനു വേണ്ടിയുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍, അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നവര്‍ എന്നിവര്‍ പോയിവന്നാല്‍ കുളിച്ചു ശുദ്ധമായി മുറിയില്‍ തന്നെ കഴിയണം.


പുറത്തുനിന്നു വന്നാല്‍ വീടിനകത്തു മറ്റൊരു മാസ്‌ക് ഉപയോഗിക്കുക.
വീട്ടിലെ കുട്ടികള്‍, വയോധികര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവരുടെ അടുത്തേക്കു പോകരുത്.
ആരും പുറത്തുപോകുന്നില്ലെങ്കിലും വീടിനുള്ളിലെ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, ടി വി കാണല്‍, പ്രാര്‍ഥന എന്നിവ ഒറ്റയ്ക്കോ പ്രത്യേക മുറിയിലോ ചെയ്യുക.
ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മറ്റംഗങ്ങളുമായി ഇടപഴകരുത്. റൂം ക്വാറന്റൈന്‍ കൃത്യമായി പാലിക്കുക.
ചെറുപ്പക്കാരിലും രോഗം ഗുരുതരമായേക്കാം. കുടുംബാംഗങ്ങള്‍ക്ക് ലക്ഷണം കണ്ടാല്‍ തൊട്ടടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി പരിശോധിക്കുക. ഫലം വരുന്നതുവരെ നിരീക്ഷണത്തില്‍ കഴിയുക.
സുഖാന്വേഷണങ്ങളെല്ലാം ഫോണില്‍ക്കൂടി മാത്രം നടത്തുക. ബന്ധുവീട്, അയല്‍വീട് സന്ദര്‍ശനം ഒഴിവാക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ ഇടപഴകേണ്ടി വന്നാല്‍ ഇരട്ട മാസ്‌ക് ധരിക്കുക.
വീടുകളില്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ കുട്ടികളെ മറ്റു വീടുകളിലെ കുട്ടികളുമായി കളിക്കാന്‍ അനുവദിക്കരുത്.
ഭക്ഷണശേഷം പാത്രങ്ങള്‍ നന്നായി സോപ്പിട്ട് കഴുകുക. പുറത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങളെല്ലാം അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കുക.
അലക്ഷ്യമായി തുമ്മുക, മൂക്ക് ചീറ്റുക, തുപ്പുക എന്നിവ ചെയ്യരുത്. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കരുത്.
വീടിനുള്ളില്‍ എ.സി. ഉപയോഗം പരമാവധി കുറക്കുക. ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം സുഗമമാക്കുക.


സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ നവസാങ്കേതിക വിദ്യകളുടെ സഹായം തേടണം. കൂടിച്ചേരലുകളും ഇടവഴിയിലെ കൂട്ടം കൂടലും തല്‍കാലം ഒഴിവാക്കണം.