വീട്ടിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച് കർണാടക മന്ത്രി; വിശദീകരണം തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
കർണാടക കൃഷി മന്ത്രി ബി.സി പാട്ടീൽ വീട്ടിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടി. സംസ്ഥാന സർക്കാരിനോടാണ് വിശദീകരണം തേടിയത്. കർണാടക സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള മന്ത്രിയുടെ വീട്ടിലെത്തി ആരോഗ്യ പ്രവർത്തർ വാക്സിൻ നൽകിയത്. മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുത്തിവയ്‌പ്പെടുത്തിരുന്നു.
കൊവിഡ് വാക്സിൻ പ്രോട്ടോക്കോളിൽ ഇത് അനുവദനീയമല്ല. കഴിഞ്ഞ ദിവസം വാക്സിനെടുക്കുന്ന ചിത്രം സഹിതം മന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്.