വേനല്‍ക്കാല സമയക്രമത്തില്‍ കൂടുതല്‍ സര്‍വീസുകളുമായി കണ്ണൂര്‍ വിമാനത്താവളം.

ഈ വര്‍ഷത്തെ വേനല്‍ക്കാല സമയക്രമം വിമാന കമ്ബനികള്‍ പുറത്തിറക്കിയപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍.

ശീതകാല സമയക്രമത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 239 സര്‍വ്വീസുകളാണ് നടത്തിയിരുന്നതെങ്കില്‍ വേനല്‍ക്കാല സമയക്രമത്തില്‍ ഇത് 268 സര്‍വ്വീസുകളായി ഉയര്‍ന്നു. കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ ഫ്‌ളൈറ്റുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നത് ശുഭ സൂചകമാണ്.

ശൈത്യകാല സമയക്രമത്തിനേക്കാളും 12% വര്‍ദ്ധനവ് വേനല്‍ക്കാല സമയക്രമത്തില്‍ ഉണ്ട്. കഴിഞ്ഞ വേനല്‍ക്കാല സമയക്രമത്തേക്കാളും 15% വര്‍ദ്ധനവ് ഈ വര്‍ഷം വേനല്‍ക്കാല സമയക്രമത്തില്‍ ഉണ്ടായിട്ടുണ്ട്. വേനല്‍ക്കാല സമയക്രമത്തില്‍ ആഭ്യന്തര സര്‍വ്വീസുകളില്‍ ആഴ്ചയില്‍ 142 സര്‍വ്വീസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ശീതകാല സര്‍വ്വീസുകളെക്കാളും 20% കൂടുതലാണ്. കഴിഞ്ഞ വേനല്‍ക്കാല സമയക്രമത്തേക്കാളും 24% വര്‍ദ്ധനവാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ കാണുന്നത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരാണസിയിലേക്കും കൂടി വിമാന സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരില്‍ നിന്ന് വിമാന സര്‍വ്വീസ് ഉണ്ടാകും.

ഇതില്‍ തെക്കേ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളും ഉള്‍പ്പെടും. ബാംഗ്‌ളൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ആഭ്യന്തര സര്‍വ്വീസ് നടത്തുന്നത്.

കൂടാതെ അഗര്‍ത്തല, അഹമ്മദാബാദ്, അമൃത്സര്‍, ഭുവനേശ്വര്‍, ഗുവാഹത്തി, ഇന്‍ഡോര്‍, ചാണ്ഡിഗഡ്, ജയ്പൂര്‍, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മധുര, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്ട് ബ്‌ളെയര്‍, പൂനൈ, റായ്പൂര്‍, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും കണക്ഷന്‍ സര്‍വ്വീസുകള്‍ ഉണ്ട്.